ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഭൂമിശാസ്ത്രപരമായി ഇടനാട്ടിൽ വരുന്ന ഉഴവൂർ ഗ്രാമപഞ്ചായത്ത്, മോനിപ്പള്ളി, ഉഴവൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ച് കിടക്കുന്നു. നിലവിൽ8 വനിതാ സംവരണ വാര്‍ഡുകൾ, ഒരു പട്ടികജാതി സംവരണ വാര്‍ഡ് ഉള്‍പ്പെടെ 14 വാര്‍ഡുകളാണുള്ളത്. ഉയര്‍ന്ന മലകളും, മൊട്ടക്കുന്നുകളും, സമതലങ്ങളും, തോടുകളും ചേര്‍ന്ന ഒരു മനോഹരമായ ഭൂപ്രദേശമാണ് ഉഴവൂർ. ഉഴവുകാരുടെ നാട് അല്ലെങ്കിൽ കര്‍ഷകരുടെ നാട് എന്ന അര്‍ത്ഥത്തിൽ നിന്നാണ് ഉഴവൂരിന് ഈ നാമം വന്നുചേര്‍ന്നതെന്ന് വിശ്വസിക്കുന്നു 26.67 ച.കി.മീ. വിസ്തൃതിയുള്ള ഈ പഞ്ചായത്ത് പടിഞ്ഞാറോട്ട് ചരിഞ്ഞ രീതിയിലാണ് സ്ഥിതി ചെയ്യുന്നത്.
ഇടക്കോലി മല, ആനക്കല്ലുമല എന്നീ രണ്ട് വലിയ മലകളാണ് ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നത്. ഇടക്കോലി മലയുടെ ഉയര്‍ന്ന പ്രദേശത്ത് നിന്ന് നോക്കിയാൽ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവനായും കാണത്തക്ക രീതിയിലാണ് ഈ മല സ്ഥിതി ചെയ്യുന്നത്. ഇവ രണ്ടും വലിയ മലനിരകളാണെങ്കിലും ഈ പ്രദേശങ്ങൾ ഗതാഗത, കുടിവെള്ള സൗകര്യങ്ങളോട് കൂടിയ ജനവാസ മേഖലകളാണ്.
ഉഴവൂർ ഗ്രാമപഞ്ചായത്തിന്‍റെ ജനസംഖ്യ 2011 സെന്‍സസ് പ്രകാരം 14339 ആണ്. സ്ത്രീ-പുരുഷ അനുപാതം സംസ്ഥാന അനുപാതവുമായി യോജിച്ച് നില്ക്കുന്നു. വിദ്യാഭ്യാസ രംഗത്ത് വളരെയേറെ മുന്നേറിയ ജനതയാണ് ഉഴവൂരിലേത്. യൂറോപ്യൻ, അമേരിക്കൻ ഐക്യനാടുകൾ ഉള്‍പ്പെടെ പല വിദേശ രാജ്യങ്ങളിലും, ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉഴവൂരിലെ ജനങ്ങൾ ജോലി ചെയ്ത് വരുന്നു. ഇത് ഉഴവൂരിന്‍റെ സാമ്പത്തിക സ്ഥിതിയിലുണ്ടാക്കിയ മാറ്റം വളരെ വലുതാണ്. ഇത്തരത്തിലുണ്ടായ വളരെ വലിയ മൈഗ്രേഷൻ കാര്‍ഷിക രംഗത്തെ വളര്‍ച്ചയെ പിന്നോട്ടടിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലുമെന്നപോലെ അണുകുടുംബങ്ങളുടെ വ്യാപനവും കുട്ടികളുടെ എണ്ണത്തിലുണ്ടായ കുറവും പ്രൈമറി സ്കൂൾ തലത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പൊതുവെ ആരോഗ്യരംഗത്ത് വളരെ മികച്ച ജനതയാണ് ഉഴവൂരിലേത്.